Tuesday, May 20, 2008

"ഞാന്‍" ഒരു ഉണ്ണാക്കന്‍ അല്ല ജസീര്‍ പുനത്തിലേ!!!

ഈ പോസ്റ്റ് എത്ര മാത്രം ബാലിശമാണെന്ന് എനിക്കറിയാം. നിവൃത്തിയില്ല, കരയുന്ന കുട്ടിക്കേ പാലുള്ളൂ. കഴിഞ്ഞ പോസ്റ്റ് ഇട്ട് തൊട്ടടുത്ത ദിനം തന്നെ ജസീര്‍ പുനത്തില്‍ എന്ന എന്റെ "about me" അടിച്ചു മാറ്റിക്കൊണ്ട് പോയ വ്യക്തിയുടെ ബ്ലോഗ്സ്പോട്ട് ബ്ലോഗ്ഗ് കാണാനിട വന്നത്. അവിടെ നിന്നും പുള്ളിയുടെ ഓര്ക്കുട്ട് പ്രൊഫൈല്‍ ലിങ്കും ലഭിക്കുകയുണ്ടായി. ആദ്യം ഞാന് അദ്ദേഹത്തെ എന്റെ പ്രതിഷേധ പോസ്റ്റിലേക്കുള്ള ലിങ്ക് കൊടുത്തു. പിറ്റെ ദിവസം അത് മായ്ച് കളഞ്ഞിരിക്കുന്നതായി കണ്ടു. അപ്പോള്‍ കരുതി "പാവം! അറിയാതെ ഡിലീറ്റ് ബട്ടണ്‍ ഞെക്കി പ്പോയതായിരിക്കും എന്ന്". എന്നിട്ട് മാന്യമായിട്ട് ഉള്ള കാര്യം പറയുകയും ചെയ്തു. ഒരു മറുപടി പ്രതീക്ഷിച്ച് ഇരുന്ന എന്നെ ജസീര്‍ വീണ്ടും നിരാശപ്പെടുത്തി (കിട്ടാന്‍ ചുമ്മാ ഒരു ലിങ്ക്). വീണ്ടും സ്ക്രാപ്പ് ഡിലീറ്റ് ചെയ്തതായാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത്.

പകര്‍പ്പെടുപ്പ് കണ്ട ഉടനെ ഞാന്‍ ജസീറിന്റെ വേഡ്‌പ്രെസ്സ് ബ്ലോഗ്ഗില്‍ കമന്റ് ചെയ്തതല്ലേ. വേറെയാരും അറിയാതെ ആ പ്രശ്നം ഒതുക്കിത്തീര്‍ക്കുവാനാണ് ഞാന്‍ നോക്കിയത്. എന്നിട്ടും ഫലമില്ലാതായപ്പോള്‍ ഞാന്‍ ഒരു പോസ്റ്റിട്ടു. പിന്നെ ഞാന്‍ തനിക്ക് സ്ക്രാപ്പ് ചെയ്തു. പോസ്റ്റിട്ടപ്പോഴും തന്റെ പേര് ഞാന്‍ മനഃപ്പൂര്‍വ്വം പറയാതിരുന്നത് തന്നെയാണ്. ഞാന്‍ എത്രത്തോളം മാന്യമായാണോ ഇടപെടുവാന്‍ ശ്രമിച്ചത് നിങ്ങള്‍ അത്രത്തോളം എന്നെ അപമാനിച്ചു. ആയതിനാല്‍ എനിക്ക് ഇങ്ങനെയൊരു പോസ്റ്റ് ഇടേണ്ടി വന്നു. ലോകം അറിയട്ടെ നിങ്ങളൊരു "നെറി കെട്ട" കള്ളനാണ് എന്ന്. താങ്കളുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പടെ ഇവിടെ ഉള്ള സ്ഥിതിക്ക് (അത് ഞാന്‍ അടുത്ത പോസ്റ്റിനായി സ്റ്റോര്‍ ചെയ്ത് വെച്ചിട്ടുണ്ട്) സൗദിയിലും ഉടുമ്പന്തലയിലും ഉള്ള വിവരമുള്ള ബ്ലോഗ്ഗേഴ്സ് താങ്കളെ പകര്‍ത്തിയെഴുതുന്നതിന്റെ ശരികേടിനെ പറ്റി അറിയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

പകര്‍ത്തിയെടുത്തതിലല്ല എന്റെ പ്രശ്നം. ഞാനെഴുതുന്ന കാര്യങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും സ്വന്ത ആവശ്യങ്ങള്ക്ക് വേണ്ടി പകര്‍ത്തിയെടുക്കാവുന്ന തരത്തിലുള്ള കാര്‍ക്കശ്യം വളരെ കുറഞ്ഞ ഒരു അനുമതി പത്രമാണല്ലോ ഞാന്‍ ഇട്ടിരിക്കുന്നത്. ഈ അനുമതി പത്രം വെച്ച് എന്റെ കൃതികള്‍ കൊണ്ട് കാശുണ്ടാക്കുവാന്‍ പോലും (റോയല്‍റ്റിയായി എനിക്കൊരു ചില്ലിക്കാശ് പോലും എനിക്ക് തരാതെ) ബാക്കി ഉള്ളവര്‍ക്ക് പറ്റുന്നതാണ്. എന്നിട്ടും ജസീര്‍ ഈ കാണിക്കുന്നത് ശരിയാണോ എന്ന് ചിന്തിച്ച് നോക്കുക. ഉടുമ്പന്തലയിലെ ലോകത്തെ ബുലോകത്തിനെ പറഞ്ഞ് കൊടുക്കുന്ന ജസീറിനെ കുറിച്ച് "കള്ളന്‍" എന്നൊരു impression ഉണ്ടായാല്‍ ജസീര്‍ പ്രതിനിധീകരിക്കുന്ന ഉടുമ്പന്തലയെ മൊത്തമായിട്ട് അത് എങ്ങനെ ബാധിക്കും എന്നത് ഞാന്‍ പ്രത്യേകിച്ച് പറഞ്ഞ് തരേണ്ട കാര്യമുണ്ടോ?

ജസീരിന്റെ പോസ്റ്റില്‍ നന്ദു ഇട്ടിരിക്കുന്ന ഈ കമന്റ് കണ്ടപ്പോള്‍ വിണ്ടും ചിരിക്കണോ കരയണോ dilemma വന്ന് പോയി.

ഇനി നിങ്ങള്‍ തന്നെ പറ. ഞാന്‍ എന്നാ കാട്ടാനാ...

അശരീരി: ഈ പോസ്റ്റ് പബിളിഷ് ചെയ്യുന്നതിന് മുമ്പ് എനിക്കെന്തെങ്കിലും മറുപടി ജസീര്‍ തന്നുവെന്നോ എന്ന് നോക്കി. ഇല്ല! അപ്പോ പിന്നെ ധൈര്യമായി പബ്ലിഷി. പുള്ളി ഒരു പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. വെബ്‌ദുനിയാവിലെ (ഇപ്പോ ഏത് അലങ്കാരമാ ഉപയോഗിക്കേണ്ടത്, അറിവില്ലാത്തവര്‍ ഇവിടെ നോക്കുക, എന്നിട്ട് പറഞ്ഞ് താ) ഒരു പഴയ വാര്‍ത്ത കോപ്പിയടിച്ചതാണെങ്കിലും പുള്ളി താഴെ 'വെബ്‌ദുനിയ' എന്ന് എഴുതിയിട്ടുണ്ട്, ലിങ്ക് ഇല്ല എന്ന് മാത്രം.

Friday, May 16, 2008

ഞാനിത്രയ്ക്കും കിടിലമോ...

മുന്നറിയിപ്പ്: ഈ പോസ്റ്റ് വായിച്ചത് കൊണ്ട് നിങ്ങള്‍ ഒന്നും നേടുകയില്ല. എന്റെ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ഞാന്‍ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് കൊണ്ട് രണ്ട് ഉദ്ദേശങ്ങളുണ്ട്. അത് വഴിയെ പറയാം.

"ജീവിതത്തില്‍ ഇന്നേ വരെ ഒരു വരി കവിത പോലും എഴുതാനാകാത്ത ഈ 'ഞാന്‍' ഒരു നല്ല ബ്ലോഗ്ഗര്‍ ആകുമോ എന്നറിയുവാനുള്ള ഒരു ഭാഗ്യ പരീക്ഷണം ആണിത്. ജീവിതത്തില്‍ എന്തൊക്കെയൊ ആകുവാന്‍ ശ്രമിച്ചു‍ പരാജയമറി മറ്റൊരു ഹത ഭാഗ്യന്‍ എന്നു കൂടി എന്നെ വിശേഷിപ്പിക്കുന്നതില്‍ യാതൊരു ശരികേടും ഇല്ല. രക്ഷപെടാനുള്ള അവസരങളൊക്കെയും യാതൊരു യുക്തിയുമില്ലാതെ നഷ്ടപ്പെടുത്തിയ ഞാന്‍ ഇപ്പൊള്‍ എന്നെത്തന്നെ ശപിച്ച് കൊണ്ടും മറ്റൊരാള്‍ക്ക് ഈ ഗതി വരുത്തരുതെ എന്ന് സര്‍വേശ്വരനൊട് പ്രാര്‍ഥിച്ചു കൊണ്ടും കാലം കഴിക്കുന്നു...."

ബ്ലോഗ്ഗിങ്ങ് തുടങ്ങിയ സമയത്ത് (2006 July) കുത്തിക്കുറിച്ച "About me" ആണ്. അന്നത്തെ സാഹചര്യവും മനോവ്യാപാരങ്ങളുമാണ് അന്നെന്നെ ഇങ്ങനെ എഴുതുവാന്‍ പ്രേരിപ്പിച്ചത്. ഭാഗ്യവശാല്‍ ഞാന്‍ ആഗ്രഹിച്ച സ്ഥലത്ത് ഞാന്‍ ആഗ്രഹിക്കുന്ന കാര്യം ഞാനിപ്പോള്‍ ചെയ്യുന്നു. അങ്ങനെ എന്റെ "ഞാനാര്" മാറ്റണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഞാന്‍ ഇത് വളരെ യാദൃശ്ചികമായി കണ്ടത്. സന്തോഷമോ സന്താപമോ, എന്താണെന്നറിയല്ല എനിക്ക് വന്നത്. എന്റെ വാക്കുകള്‍ ഒരാള്‍ എഴുതിയല്ലോ എന്നതില്‍ സന്തോഷം വന്നു, പക്ഷെ അത് പുള്ളിക്കാരന്റെ "About me" ആണ് എന്നത് എന്നെ അദ്ഭുതപ്പെടുത്തി (ങ്ങേ! അതാ ഞാന്‍...)

കാര്യം എന്റെ ബ്ലോഗ്ഗ് Creative Commons Attribution-ShareAlike 2.5 അനുമതി പത്ര പ്രകാരം വിതരണം ചെയ്യാവുന്നതാണ് എങ്കിലും, എന്റെ "About Me" ടൈറ്റില്‍, (ഞാനാര്) അക്ഷരത്തെറ്റുകള്‍ അടക്കം കോപ്പി അടിച്ചിട്ടും (അതെല്ലാം അടിവര ഇട്ടിട്ടുണ്ട്, മലയാളം ടൈപ്പ് ചെയ്ത് പഠിക്കുന്ന സമയത്ത് പല അക്ഷരങ്ങളും എഴുതാന്‍ അറിയില്ലായിരുന്നു, പിന്നെയത് തിരുത്തുവാനും മുതിര്‍ന്നില്ല) അനുമതി പത്ര പ്രകാരമുള്ള Attribution ഞാന്‍ കണ്ടില്ല. ഇവിടെ, ഈ സാഹചര്യത്തില്‍ ഞാനത് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണെന്നറിയാം. എന്നിരുന്നാലും ഞാനുണ്ടാക്കിയ ഒരു കാര്യം, വളരെ പേഴ്സണലായിട്ടുള്ള കാര്യം, എന്റെ സിഗ്നേച്ചര്‍ ആയിട്ടുള്ള ഒരു കാര്യം എന്റേതല്ലാതാകുന്നു എന്നറിയുമ്പോള്‍ എനിക്ക് വിഷമം തോന്നുക സ്വാഭാവികം. ആ "About me" ഭയങ്കര നിലവാരത്തിലുള്ളതാണെന്നൊന്നും എനിക്കഭിപ്രായമില്ല, എന്നാലും ഞാന്‍ എഴുതിയത് എവിടൊയൊക്കെ പകര്‍ത്തി എഴുതിയാലും അതിന്റെ താഴെ എന്റെ പേര് കാണണം എന്നത് ഈയുള്ളവന്റെ ഒരു ചെറിയ ആഗ്രഹമാണ്.

അപ്പോള്‍ ഈ പോസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍,

1) ലവന്റെ അടുത്ത് ഞാന്‍ മൂന്ന് നാല് തവണ പറഞ്ഞ് നോക്കി. അനക്കമില്ല. ഇതെന്റേതാണ്, നീയെടുത്തോളൂ എനിക്ക് പ്രശ്നമില്ല, എനിക്ക് അട്രിബ്യൂഷന്‍ മാത്രം മതി (മുല്ലപ്പെരിയാറില്‍ നിന്നും വെള്ളമെടുത്തോ, ഡാമിന്റെ സുരക്ഷ ഉറപ്പാക്കുക എന്ന കേരള ലൈന്‍) വെറൊരു കോപ്പും വേണ്ട എന്ന് അവനെ ഒന്നറിയിക്കുക.

2) ആ "About me" മാറ്റി ഞാന്‍ പുതിയത് എഴുതിയാലും (അടുത്ത പോസ്റ്റിന് മുമ്പ് അത് വരും) പഴയതിന്റെ അവകാശം എനിക്കായിരിക്കും എന്ന് ലോകത്തെ അറിയിക്കുക.

ഞാന്‍ വീണ്ടും പറയുന്നു, ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളിടത്ത് ഇഷ്ടമുള്ള പോലെ എഴുതാം, അവിടെ http://njaan.blogspot.com/ എന്ന് മാത്രം കൊടുത്താല്‍ മതി . ചെറിയ ഫോണ്ടില്‍ കൊടുത്താലും മതി, എങ്ങനെ ചെയ്താലും ഒരു ലിങ്ക് (without 'no follow') ഇങ്ങോട്ട് വേണമെന്ന് മാത്രം.

Thursday, May 08, 2008

HCCI - Homogeneous Charge Compression Ignition

പെട്രോള്‍ എഞ്ചിനുകളുടെയും ഡീസല്‍ എഞ്ചിനുകളുടെയും പ്രത്യേകതകള്‍ കൂടിയുള്ള ഒരു എഞ്ചിന്‍ സങ്കേതികവിദ്യയാണ് HCCI. പരമ്പരാഗത പെട്രോള്‍ എഞ്ചിനുകളിലെ പോലെ സിലിണ്ടറിലേക്ക് കടത്തും മുമ്പ് ഇന്ധനവും ഓക്സീകാരിയും കൂട്ടിക്കലര്‍ത്തുകയും, ഡീസല്‍ എഞ്ചിനുകളിലെ പോലെ സ്പാര്‍ക്‍പ്ലഗ്ഗ് ഉപയോഗിക്കാതെ, അവ കംപ്രഷന്‍ മൂലമുണ്ടാകുന്ന അതിമര്‍ദ്ദ-താപത്താല്‍ സ്വയം കത്തി പിടിക്കുകയും ചെയ്യുന്നു.

എന്നാല്‍ HCCI എഞ്ചിനുകള്‍ പെട്രോള്‍/ഡീസല്‍ സങ്കേതവുമായി പല തരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു പെട്രോള്‍ എഞ്ചിനില്‍ സ്പാര്‍ക്ക് വഴിയാണ് ജ്വലനപ്രക്രിയ ആരംഭിക്കുന്നത്. സ്പാര്‍ക്‍പ്ലഗ്ഗിന്റെ അടുത്ത് നിന്നും തുടങ്ങുന്ന ജ്വാല പയ്യെ സിലിണ്ടറിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ പ്രക്രിയയെ ജ്വാലാ-പ്രയാണം (flame propagation) എന്ന് വിളിക്കാം. പെട്രോള്‍ എഞ്ചിന്റെ മാത്രം പ്രത്യേകതയാണത്. താഴെ കൊടുത്തിരിക്കുന്ന ചിത്രം ഒരു പെട്രോള്‍ എഞ്ചിനിലെ ജ്വാലാ-പ്രയാണത്തെയാണ് കാണിക്കുന്നത്.

പെട്രോള്‍ എഞ്ചിനിലെ ജ്വാലാ-പ്രയാണം (ഈ ചിത്രത്തിന് പകര്‍പ്പവകാശം ഉള്ളതാണ്, ഈ ബ്ലോഗ്ഗിനുള്ള ക്രിയേറ്റീവ് കോമണ്‍സ് അനുമതി പത്രം ഈ ചിത്രത്തിന് ബാധകമല്ല)



എന്നാല്‍ ഡീസല്‍ എഞ്ചിനിലാകട്ടെ അത്തരമൊരു ജ്വാലാ-പ്രയാണം ഉണ്ടാകുന്നില്ല. ഡീസല്‍ എന്‍ജിനില്‍ ഇന്ധനം സിലിണ്ടറിനുള്ളിലേക്ക് കടത്തിവിടുന്നത് ഇന്‍ജെക്ടര്‍ വഴിയാണല്ലോ. ഇത് നടക്കുന്നതും യഥാര്‍ത്ത കത്തല്‍ നടക്കുന്നതും തമ്മിലുള്ള ഇടവേള ചെറുതായതിനാല്‍ ഇന്ധനവും വായുവും പൂര്‍ണ്ണമായി കലരുവാനുള്ള സമയം ലഭിക്കുകയില്ല. അതിനാല്‍ തന്നെ പെട്രോള്‍ എഞ്ചിനിലെ പോലെ ഒരു ഫ്ലെയിം പ്രൊപ്പോഗേഷന്‍ ഇവിടെ നടക്കുന്നില്ല. എന്നാല്‌ ഇന്ധന-വായു മിശ്രിതം അനുകൂലമായ സ്ഥലങ്ങളില്‍ (അതായത് combustibility range-ന് ഉള്ളില്‍, ഡീസലിന് ഇത് ഏകദേശം 17-80 വായു-ഇന്ധന അനുപാതം വരെയാണ്) മാത്രം ജ്വലനം നടക്കുന്നു. ഡീസല്‍ എഞ്ചിനില്‍ ഇന്ധനം ഇന്‍ജെക്ട് ചെയ്യുമ്പോഴുണ്ടാകുന്ന ജ്വലനത്തെയാണ് താഴെ കാണിച്ചിരിക്കുന്ന ചിത്രം കാണിക്കുന്നത്.

ഡീസല്‍ എഞ്ചിനിലെ ജ്വലന പ്രക്രിയ (ഈ ചിത്രത്തിന് പകര്‍പ്പവകാശം ഉള്ളതാണ്, ഈ ബ്ലോഗ്ഗിനുള്ള ക്രിയേറ്റീവ് കോമണ്‍സ് അനുമതി പത്രം ഈ ചിത്രത്തിന് ബാധകമല്ല)


HCCI എഞ്ചിനുകളില്‍ പെട്രോള്‍ എഞ്ചിനുകളിലെ പോലെ homogeneous ആയ, എന്നാല്‍ വളരെ കട്ടി കുറഞ്ഞ (lean, വായു-ഇന്ധന മിശ്രിതം വളരെ കൂടിയ) ആണ് പോകുന്നത്, അവിടെയും ജ്വലനം പല പല ബിന്ദുക്കളിലായി ഏകദേശം ഒരേ സമയത്തായാണ് നടക്കുന്നത്. ഇതിനാല്‍ തന്നെ ജ്വലനത്തെ (പ്രത്യേകിച്ച് ജ്വലനത്തിന്റെ തുടക്കത്തെ) കൃത്യതയോടെ നിയന്ത്രിക്കുവാന്‍ നമ്മുക്ക് കഴിയുന്നില്ല. ഒരു HCCI എഞ്ചിനിലെ ജ്വലനപ്രക്രിയയെ ആണ് താഴെ കാണിച്ചിരിക്കുന്നത്.

HCCI എഞ്ചിനിലെ ജ്വലന പ്രക്രിയ
(ഈ ചിത്രത്തിന് പകര്‍പ്പവകാശം ഉള്ളതാണ്, ഈ ബ്ലോഗ്ഗിനുള്ള ക്രിയേറ്റീവ് കോമണ്‍സ് അനുമതി പത്രം ഈ ചിത്രത്തിന് ബാധകമല്ല)


ഈ ചിത്രം കണ്ടാല്‍ മേല്‍ പറഞ്ഞ പ്രക്രിയകള്‍ കുറച്ച് കൂടി നന്നായി മനസ്സിലാകും.

ഒന്നാമത്തെ ചിത്രത്തില്‍ ഒരു ഡീസല്‍ എഞ്ചിന്റെ ചിത്രമാണുള്ളത്. ഇന്‍ഞ്ചക്ടറിന്റെ അടുത്തുള്ള അനുകൂലമയാ അവസ്ഥകളില്‍ ജ്വലനം സംഭവിക്കുന്നു. രണ്ടാമത്തെ ചിത്രത്തില്‍ സ്പാര്‍ക്‍പ്ല്ഗ്ഗില്‍ നിന്നും ജ്വലന പ്രയാണം ആരംഭിക്കുന്നു. മൂന്നമത്തേതിലാകട്ടെ പല ബിന്ദുക്കളില്‍ ഒരേ സമയത്തായി ജ്വലനം നടക്കുകയാണ്.
(ചിത്രത്തിന് കടപ്പാട്: New Scientist magazine (January 2006), ഈ ചിത്രത്തിന് പകര്‍പ്പവകാശം ഉള്ളതാണ്, ഈ ബ്ലോഗ്ഗിനുള്ള ക്രിയേറ്റീവ് കോമണ്‍സ് അനുമതി പത്രം ഈ ചിത്രത്തിന് ബാധകമല്ല)



പരമ്പരാഗത ഡീസല്‍ എഞ്ചിനുകളില്‍ സിലിണ്ടറിനുള്ളിലേക്ക് ഡീസല്‍ ഇന്‍ജക്ട് ചെയ്യകയാണ് ചെയ്യുന്നത് (സിലിണ്ടറിനുള്ളില്‍ പിസ്റ്റണിന്റെ മുകളിലോട്ടുള്ള സഞ്ചാരത്തിന്റെ അവസാനത്തോടടുക്കുമ്പോഴാണ് സാധാരണ ഗതിയില്‍ ഇന്‍ജക്ഷന്‍ പ്രക്രിയ നടക്കുന്നത്). പെട്രോള്‍ എഞ്ചിനുകളിലാകട്ടെ കാര്‍ബുറേറ്ററോ അല്ലെങ്കില്‍ പോര്‍ട്ട് ഇന്‍ജെക്ഷനോ, മാനിഫോള്‍ഡ് ഇന്‍ജെക്ഷനോ വഴി ആയിരിക്കും. അതായത് സിലിണ്ടറിനുള്ളില്‍ ഉള്ളത് ഏകദേശം homogeneous ആയിട്ടുള്ള ഒരു മിശ്രിതം ആയിരിക്കും. സിലിണ്ടറിനുള്ളിലേക്ക് നേരിട്ട് പെട്രോള്‍ ഇന്‍ജക്ട് ചെയ്യുന്ന GDI-യെ (Gasoline Direct Injection) പറ്റിയും (ഇവിടെ പ്രസക്തിയില്ലെങ്കിലും) പറഞ്ഞു കൊള്ളട്ടെ. HCCI എഞ്ചിനുകളിലാണെങ്കില്‍ മുമ്പ് പറഞ്ഞ പോലെ സിലിണ്ടറിനുള്ളിലേക്ക് കടത്തി വിടുന്നതിന് മുമ്പ്, വായുവുമായി കലര്‍ത്തുന്നു (പെട്രോള്‍ എഞ്ചിനുകളിലെ പോലെ). അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനം എന്തെന്ന് വെച്ചാല്‍ ഒരു ഏകദേശം homogenous ആയിട്ടുള്ള ഒരു ഇന്ധന-വായു മിശ്രിതം ഉണ്ടാക്കുവാനുള്ള സമയം കിട്ടുന്നു (ഡീസല്‍ എഞ്ചിനില്‍ ഇതിനുള്ള സമയം വളരെ കുറവാണ് എന്ന് നേരത്തെ പറഞ്ഞത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്)

HCCI സാങ്കേതികവിദ്യ കൊണ്ട് പല പ്രയോജനങ്ങളുണ്ട്. സാധരണ രീതികളില്‍ കൂടി NOx-ഉം soot-ഉം (കരി) ഒരുമിച്ച് കുറയ്ക്കുവാനാകില്ല. എന്നാല്‍ HCCI സാങ്കേതിക വിദ്യയിലൂടെ ഇവ രണ്ടും കുറയ്ക്കുവാന്‍ കഴിയും. സാധാരണ വണ്ടികളെ അപേക്ഷിച്ച് അവ കുറവായിരിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? കട്ടി കുറഞ്ഞ ഇന്ധന-വായു മിശ്രിതം ഉപയോഗിക്കുന്നത് മൂലം ഇന്ധനക്ഷമതയും താരതമ്യേനെ കൂടുതലായിരിക്കും.

പെട്രോള്‍, ബയോഗ്യാസ്, എല്‍ പി ജി, സി എന്‍ ജി, ഡീസല്‍, ബയോഡീസല്‍, ആല്‍ക്കഹോള്‍, ഹൈഡ്രജന്‍ തുടങ്ങി ഏത് തരം ഇന്ധനവും ഇതില്‍ ഉപയോഗിക്കാം. എന്നാല്‍ പൊതുവെ ഒക്ടേന്‍ സൂചകം (Octane Number*) കൂടുതല്‍ ഉള്ള ഇന്ധനങ്ങള്‍ക്ക് (പെട്രോള്‍, ബയോഗ്യാസ്, ആല്‍ക്കഹോള്‍ മുതലായവ) ആണ് പെര്‍ഫോമന്‍സ് കൂടുതല്‍. ഇത്തരം ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സമ്മര്‍ദ്ദം (compression) കൊണ്ട് മാത്രം ആ ഇന്ധനത്തിന്റെ self ignition temperature എത്തുവാന്‍ പറ്റിയെന്നു വരില്ല (കൌതുകകരമായ ഒരു കാര്യം, പെട്രോള്‍ ഡീസലിനേക്കാള്‍ പെട്ടെന്ന് ആവിയാകുമെങ്കില്ലും പെട്രോളിന്റെ self ignition temperature എന്നത് ഡീസലിനേക്കാള്‍ കൂടുതലാണ്, അതായത് പെട്രോള്‍ കത്തണമെങ്കില്‍ ഡീസലിനേക്കാള്‍ ഉയര്‍ന്ന താപനില വേണ്ടിവരും). ഇത് പലതരം പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു, പ്രത്യേകിച്ചും സ്റ്റാര്‍ട്ടിങ്ങില്‍. എഞ്ചിന്‍ തണുത്തിരിക്കുന്ന അവസ്ഥയില്‍ ഇന്ധനം കത്തിക്കുവാന്‍ സാധാരണ ഗതിയില്‍ തന്നെ ബുദ്ധിമുട്ടാണ്, പിന്നെ കത്തുവാന്‍ പ്രയാസമുള്ള ഇന്ധനങ്ങള്‍ കൂടി ഉപയോഗിച്ചാലുള്ള കാര്യം പറയണമോ. അത്തരം അവസരങ്ങളില്‍ നമ്മള്‍ അകത്തേക്ക് കടത്തി വിടുന്ന മിശ്രിതത്തെയോ ഇന്‍ജക്ട് ചെയ്യുന്നതിനു മുമ്പ് വായുവിനെയോ ചൂടാക്കി വിടുന്നു. സ്റ്റാര്‍ട്ടാക്കല്‍ എന്നാലും ഒരു പ്രശ്നം തന്നെയാണ് HCCI എഞ്ചിനുകളില്‍. അതിന് പരിഹാരമായി സ്റ്റാര്‍ട്ടാക്കുന്ന സമയത്ത് മാത്രം സ്പാര്‍ക്‍ നല്‍കുകയും, എഞ്ചിന്‍ ഒന്ന് ചൂടായ ശേഷം ഒരു പ്രത്യേക സ്പീഡില്‍ എത്തിയ ശേഷം HCCI ആക്കുകയും (അതായത് ആ സമയത്ത് സ്പാര്‍ക്‍ പ്ലഗ്ഗ് ഓഫാക്കും**).

സ്റ്റാര്‍ട്ടിങ്ങ് അവസ്ഥയിലുള്ള എഞ്ചിനെ "low load" എന്നും ഏറ്റവും ഉച്ചത്തിലുള്ള അവസ്ഥയെ (ഉദാഹരണത്തിന് ഒരു കയറ്റം കയറുമ്പോഴൊക്കെ, എഞ്ചിന്‍ അതിന്റെ കഴിവിന്റെ പരമാവധി ജോലി ചെയ്യുന്ന അവസ്ഥയെ) "high load" എന്നും അതിന്റെ ഇടയ്ക്കുള്ള അവസ്ഥയെ "part load" എന്നുമാണ് സാങ്കേതിക ഭാഷയില്‍ പറയുന്നത്. HCCI എഞ്ചിനുകള്‍ "high load" അവസ്ഥകളില്‍ നന്നായി perform ചെയ്യുന്നില്ല. അതിനാല്‍ തുടക്കത്തിലും പിന്നെ ഉച്ചസ്ഥായിയിലും HCCI മോഡ് ഉപയോഗിക്കാറില്ല. ഇപ്പോഴൊക്കെ ഇത് ഇലക്ട്രോണിക്കലായ നിയന്ത്രിക്കാമെന്നത് കൊണ്ട് നമ്മുക്ക് വലിയ തലവേദനകളില്ല. എഞ്ചിന്റെ "ECU" (Engine Control Unit), പുതിയതായി ഇറങ്ങുന്ന എല്ലാ വണ്ടികള്‍ക്കും ഇതുണ്ട്, ഈ ജോലി മുമ്പ് പറഞ്ഞ് വച്ചിരിക്കുന്ന പോലെ (programmed) ചെയ്തു കൊള്ളും.

ഇനി HCCI എഞ്ചിനുകള്‍ നേരിടുന്ന വെല്ലുവിളികള്‍ (ദോഷങ്ങള്‍ എന്ന് ഞാന്‍ പറയില്ല, കാരണം അവയെല്ലാം ഒഴിവാക്കാവുന്നതാണ്) എന്തെന്ന് നോക്കാം. നേരത്തെ പറഞ്ഞത് പോലെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള പ്രശ്നങ്ങളാണൊന്ന്. അതിന്റെ പരിഹാരങ്ങള്‍ നേരത്തെ പറഞ്ഞ് കഴിഞ്ഞു. പിന്നെയുള്ളത് ജ്വലനത്തിന്റെ തുടക്കത്തെ പറ്റിയുള്ള "ഉറപ്പില്ലായ്മയാണ്" (uncertainity). ജ്വലനം ഇന്ന സമയത്ത് തുടങ്ങിയാല്‍ എഞ്ചിന്റെ പരമാവധി ക്ഷമതയില്‍ നമ്മുക്ക് അതിനെ ജോലിയെടുപ്പിക്കുവാന്‍ കഴിയും എന്നുള്ളത് കൊണ്ട് ഇത് വളരെ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. മള്‍ട്ടിപ്പ്‍ള്‍ ഇന്‍ജെക്ഷന്‍, റീഫോമിങ്ങ്, ഹൈഡ്രജന്‍ ഇന്‍ജെക്ഷന്‍ മുതലായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കുവാന്‍ കഴിയും. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. നേരത്തെ പറഞ്ഞ പോലെ HCCI എഞ്ചിനുകള്‍ കട്ടി കുറഞ്ഞ ഇന്ധന-വായു മിശ്രിതം ആണ് ഉപയോഗിക്കുന്നത്. ആയതിനാല്‍ കത്തുമ്പോഴുണ്ടാകുന്ന താപനില പരമ്പരാഗത എഞ്ചിനുകളിലുള്ളതിനേക്കാള്‍ കുറവായിരിക്കും. ഈയൊരു പ്രത്യേകയുള്ളത് കൊണ്ട് ഇതിനെ "cool flame" എന്ന് വിളിക്കാറുണ്ട്. ഇത് കാരണം crevice volume (സിലിണ്ടറിനുള്ളിലെ പെട്ടെന്ന് എത്തിപ്പെടാനാകാത്ത സ്ഥലങ്ങള്‍, ഉദാ: പിസ്റ്റണ്‍ റിങ്ങിന്റെ ഇടയ്ക്കുള്ള സ്ഥലം, സ്പാര്‍ക്‍പ്ലഗ്ഗിനും സിലിണ്ടറില്‍ അത് പിടിപ്പിച്ചതിനും ഇടയ്ക്കുമുള്ള സ്ഥലം), cylinder wall-നോട് ചേര്‍ന്നുള്ള ഭാഗത്തൊക്കെ ജ്വലനം നന്നായി നടക്കുകയില്ല. ഇത് ഹൈഡ്രോകാര്‍ബണ്‍, കാര്‍ബണ്‍ മോണോക്സൈഡ് എമിഷനുകള്‍ക്ക് കാരണമാകുന്നു. അനിയന്ത്രിതമായ ജ്വലനം മൂലം താപ-മര്‍ദ്ദങ്ങള്‍ പെട്ടെന്ന് കൂടുന്നു. ഇവ എഞ്ചിന്‍ ശബ്ദങ്ങള്‍ കൂട്ടുന്നു, എഞ്ചിന്റെ ക്ഷമത കുറയ്ക്കുന്നു അങ്ങനെ പല പല പ്രശ്നങ്ങളുണ്ടാക്കുന്നു. സമ്മര്‍ദ്ദാനുപാതം (compression ratio), ഇന്ധന-വായു മിശ്രാനുപാതം, മിശ്ര-താപനില, EGR (Exhaust Gas Recirculation) മുതലായവ വഴി ജ്വലന പ്രക്രിയയെ നിയന്ത്രിക്കാവുന്നതാണ്.

നമ്മുടെ ടൊയോട്ട ഇന്നോവയില്‍ ചെറിയൊരു സമയത്ത് HCCI മോഡ് ആക്ടീവ് ആകുന്നുണ്ട്. Toyota, General Motors, Mercedes മുതലായ കമ്പനികള്‍ HCCI-യുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ഐ ഐ ടി മദ്രാസിലും ഡെല്‍ഹിയിലും ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ തകൃതിയായി നടക്കുന്നു.
Mercedes Benz ഈ സാങ്കേതിക വിദ്യയെ ഡീസോട്ടോ (Diese-Otto) എന്നാണ് പേരിട്ടിരിക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനെ PCCI (Premixed Charge Compression Igninition) എന്നും വിളിക്കാറുണ്ട്.
HCCI എഞ്ചിനുകളെ പറ്റിയുള്ള ഒരു ലേഖനം ഇംഗ്ലിഷ് വിക്കിപ്പീഡിയയില്‍ വായിക്കാം.
മറ്റൊരു ലേഖനം ഇവിടെയുമുണ്ട്.
ഇതാ വേറൊരു ലേഖനം.

*ഒക്ടേന്‍ നമ്പറിനെ വളരെ ലളിതമായി ഇങ്ങനെ വ്യാഖ്യാനിക്കാം "പതുക്കെ തീ കത്തിപ്പിടിക്കുവാനുള്ള ഒരു ഇന്ധനത്തിന്റെ സൂചകമാണ് ഒക്ടേന്‍ നമ്പര്‍". പെട്രോള്‍/HCCI എഞ്ചിനുകളില്‍ പതുക്കെ കത്തിപ്പിടിക്കുന്ന ഇന്ധനങ്ങളാണ് വേണ്ടത്. പെട്ടെന്ന് കത്തിപ്പിടിക്കുകയാണെങ്കില്‍ knocking മുതലായ പ്രശ്നങ്ങളുണ്ടാകും.

**ചില നേരത്ത് നമ്മുടെ പെട്രോള്‍ വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇഗ്നിഷന്‍ കീ ഓഫാക്കിയാലും പ്രവര്‍ത്തിക്കുന്നത് കാണാം, പ്രത്യേകിച്ചും ചൂട് കാലാവസ്ഥയില്‍. എഞ്ചിന്‍ ചുമ്മാതെ കറങ്ങുന്നതിനെയല്ല, പക്ഷെ സാധാരണ പോലെ വര്‍ക്ക് ചെയ്യുന്നതിനെ പറ്റിയാണ് ഞാന്‍ പറഞ്ഞത്. "Dieseling of petrol engines" എന്നാണ് ഈ "സാധാരണഗതിയില്‍ ഗുണകരമല്ലാത്ത" പ്രതിഭാസത്തെ പറയുന്നത്. എന്നാല്‍ HCCI എഞ്ചിനുകളില്‍ സമാനമായ പ്രവര്‍ത്തനമാണ് നടക്കുന്നത്, "സ്പാര്‍ക്‍ ഇല്ലാതെയുള്ള പെട്രോള്‍ എഞ്ചിന്‍ പ്രവര്‍ത്തനം"

Tuesday, April 22, 2008

പ്രതികരണം: വര്‍ക്കേഴ്സ് ഫോറം: “ജൈവ ഇന്ധനം” ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

വര്‍ക്കേഴ്സ് ഫോറം: “ജൈവ ഇന്ധനം” ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്ന പോസ്റ്റിനുള്ള പ്രതികരണം:

(Last updated: 22/04/2008 1:45 PM)

1) ജൈവ ഇന്ധനം എന്ന് പറഞ്ഞാല്‍ ’എത്തനോള്‍’ മാത്രമാണ് എന്ന് പറയുന്നത് ഒരു തെറ്റിധാരണയാണ്. സസ്യത്തില്‍ നിന്ന് (സസ്യേതര ജൈവ-ഇന്ധനങ്ങള്‍ക്ക് പ്രായോഗികതയില്ല) ഉല്പാദിപ്പിക്കപ്പെടുന്ന ഏത് ഇന്ധനത്തെയും ജൈവ ഇന്ധനം എന്ന് വിളിക്കാം. rice bran oil ഉണ്ടാക്കുന്നത് ഉമിയില്‍ നിന്നുമാണ്. ഇന്ത്യയില്‍ അത് ഒരു ഭക്ഷ്യ എണ്ണ ആയി ഉപയോഗിക്കുന്നില്ല (അത് പോലെ തന്നെ വെളിച്ചെണ്ണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ എണ്ണ ആയി ഉപയോഗിക്കുന്നില്ല). റൈസ് ബ്രാന്‍ എണ്ണയുടെ ഉല്പാദനം കൊണ്ട് ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നില്ല. അതേ സമയം നെല്‍ കര്‍ഷകന് കൂടുതല്‍ വരുമാനം ഉണ്ടാകുന്നു (കൂടുതല്‍ ഒന്നും ഉല്‍പാദിപ്പിക്കുകയോ, മുതല്‍മുടക്കാതെയോ തന്നെ)

2) നേരത്തെ സൂചിപ്പിച്ച കണക്കുകള്‍ യന്ത്രവല്‍ക്കരിച്ച അമേരിക്കന്‍ ഫാമുകളില്‍ നടത്തിയ പഠനങ്ങളാണ്. സ്വാഭാവികമായും യന്ത്രവല്‍കൃത പാടങ്ങളില്‍ ഊര്‍ജ്ജം കൂടുതല്‍ നല്‍കേണ്ടതായി വരും (അവയ്ക്ക് വേണ്ടി വരുന്ന ഇന്ധനങ്ങള്‍, അവയുടെ transportation ചെലവുകള്‍). ഇന്ത്യന്‍ സാഹചര്യങ്ങളിലുള്ള പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

3)രാസ-കീടനാശിനികളും രാസ-വളങ്ങളുമില്ലാതെ കൃശി ചെയ്യാന്‍ പറ്റില്ലേ? ഫുക്കൂവോക്കയുടെ ’ഒറ്റ വൈക്കോല്‍ വിപ്ലവത്തെ’ [ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം] കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. രാസ-കീടാനാശിനി/വള പ്രയോഗങ്ങളില്ലാതെ ഉള്ള കൃഷി കര്‍ഷകന്റെ മേലുള്ള സാമ്പത്തികഭാരം കുറയ്ക്കും എന്നൊരു ഗുണം കൂടിയുണ്ട്.

4) ശുദ്ധ സസ്യ എണ്ണ മാത്രമല്ല, ഉപയോഗിച്ച ഭക്ഷ്യ എണ്ണകള്‍ വരെ ’ജൈവ ഇന്ധനങ്ങളില്‍’ പെടും. അതും ഒരു വലിയ ’ചെലവ് ചുരുക്കലിന്’ കാരണമാകും. (ഹോട്ടലുകളിലെ ചെലവുകള്‍ അധികമൊന്നുമില്ലെങ്കിലും, ഒരു പരിധി വരെ കുറയും)

5) സസ്യ എണ്ണകള്‍ ഇന്ന് ഉപയോഗിക്കുന്നത് പരമ്പതാഗത ഡീസല്‍ വാഹനങ്ങളിലാണ്. അതിന്റേതായ പല ന്യൂനതകളും ഉണ്ട് (ഉദാ: viscosity കൂടിയ സസ്യ എണ്ണകള്‍, ഡീസല്‍ ഇന്‍ജെക്ടറുകളില്‍ (hole injector) ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ സസ്യ എണ്ണകള്‍ സുഖമായി ഇജെക്ട് ചെയ്യാവുന്ന pintle nozzle-ഉകളെ {പിന്റില്‍ നോസ്സില്‍ പഴയ സാങ്കേതിക വിദ്യ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക} കുറിച്ചൊക്കെ പഠനം നടന്ന് വരുന്നതേ ഉള്ളു).

ഐ സി എന്‍ജിനുകളിലെ പുതിയ സങ്കേതമായ HCCI എന്‍ജിനുകളില്‍ സസ്യ എണ്ണകള്‍ അനുയോജ്യമാകും എന്ന് ഞാന്‍ കരുതുന്നു (personal opinion, no scientific proofs yet).

ഇതൊന്നും പഠിക്കാതെ മനസ്സിലാക്കാതെ ജൈവ ഇന്ധനം ഭക്ഷ്യക്ഷാമം വരുത്തി വെയ്ക്കും എന്ന് ആരൊക്കെയോ പറഞ്ഞത് കേട്ട് കൂടെ പറയുന്നത് പണ്ട് കമ്പ്യൂട്ടറിനെ തള്ളിപ്പറഞ്ഞിട്ട് ഇപ്പോള്‍ പാര്‍ട്ടി വെബ്ബ്‍സൈറ്റ് ഉദ്ഘാടനം ചെയ്തത് പോലെ ആകും.

ഇതിന് ’വര്‍ക്കേഴ്‍സ് ഫോറം’ ഇങ്ങനെ പ്രതികരിച്ചൂ

പ്രിയ ഞാന്‍,

1. ലേഖനത്തില്‍ എവിടെയാണ് ജൈവ ഇന്ധനം എന്നു പറഞ്ഞാല്‍ എത്തനോള്‍ മാത്രമാണെന്ന് പറഞ്ഞിട്ടുള്ളത്?

“ജൈവ വസ്തുക്കളില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തെയാണ് ജൈവ ഇന്ധനം എന്നു വിളിക്കുന്നത്. ഇതിനുപയോഗിക്കുന്ന ജൈവ വസ്തുക്കള്‍ കച്ചി, മരം, മരത്തിന്റെ അവശിഷ്ടങ്ങള്‍, ചപ്പുചവറുകള്‍ തുടങ്ങി ഗോതമ്പ്, മെയ്‌സ് ചോളം, കരിമ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഒക്കെയാവാം. പഞ്ചസാരയും (sugar) അന്നജവും (starch) കൂടിയ അളവില്‍ അടങ്ങിയ വസ്തുക്കളാണ് ഇന്ധനം ഉല്പാദിപ്പിക്കാന്‍ കൂടുതല്‍ ഉപയുക്തം. ഇപ്പോള്‍ പൊതുവായി ഉപയോഗിക്കുന്ന ജൈവ ഇന്ധനത്തിന്റെ പ്രധാന ഘടകം എഥനോള്‍ (Ethanol) ആണ്.“ എന്നാണതില്‍ പറഞ്ഞിട്ടുള്ളത്.

2. ഇതിനകം നടന്ന പഠനങ്ങളിലെ കണക്കുകളാണവ. ഇന്ത്യന്‍ ഫാമുകളില്‍ പഠനം നടക്കട്ടെ. ഫാമുകള്‍ മുഴുവന്‍ യന്ത്രവല്‍ക്കരിക്കണം എന്ന് വേനല്‍ മഴ വിവാദത്തില്‍ വാദമുയര്‍ന്നിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.

3. രാസവളങ്ങളും കീടനാശിനികളും ഇല്ലാതെയാണോ ഇന്ന് മുഖ്യമായും കൃഷി നടക്കുന്നത്? വിത്ത്, വളം, കീടനാശിനി എന്നിവ ചേര്‍ന്നത് സഹസ്ര കോടികള്‍ മറിയുന്ന വ്യവസായമല്ലേ? അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പോസ്റ്റില്‍ ഉള്ളത്.

4. ഉപയോഗിച്ച ഭക്ഷ്യ എണ്ണയല്ലല്ലോ ഇന്നു പ്രധാനമായും ജൈവ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴുള്ള പോക്കനുസരിച്ച് അങ്ങിനെയല്ല നീക്കങ്ങള്‍ നടക്കുന്നതും. മാത്രമല്ല ഉപയോഗിച്ച ഭക്ഷ്യ എണ്ണയൊക്കെ മൊത്തം ജൈവ ഇന്ധനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമേ വരൂ. ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജൈവ ഇന്ധനം വലിയ തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ താങ്കള്‍ സൂചിപ്പിക്കുന്ന “ഉമി”മതിയാവുമെന്ന് തോന്നുന്നില്ല.കൂടുതല്‍ കൂടുതല്‍ ആളുകളെ പട്ടിണിക്കിട്ടുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരില്ലേ? ഇതിനര്‍ത്ഥം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ റീ സൈക്ലിംഗും മറ്റും വേണ്ട എന്നല്ല.

5. താങ്കള്‍ തന്ന ലിങ്ക് നോക്കി. പഠനങ്ങള്‍ നടക്കട്ടെ. എല്ലാ‍ തരം പഠനങ്ങളും സ്വാഗതം ചെയ്യുന്നു. പോസ്റ്റിലെ കണക്കുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദഗ്ദര്‍ തന്നെ പുറത്ത് വിട്ടിട്ടുള്ളതാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അതിലില്ല. കൂടുതല്‍ പഠനങ്ങള്‍ സ്വാഗതം ചെയ്യുന്നു.

6. ഭക്ഷ്യരംഗത്ത് ഇന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി ഒരു നല്ല ശതമാനം രാജ്യങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധി ആയി മാറാനിടയുണ്ട് എന്ന് മുന്നറിയിപ്പ് നല്‍കുന്നത് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളാണ്.

ഈ പോസ്റ്റ് കൊണ്ട് മുഖ്യമായും ഉദ്ദേശിച്ചത് ജൈവ ഇന്ധനത്തിന്റെ പിന്നിലെ രാഷ്ട്രീയമാണ്. അത് മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു. poor diners, rich drivers എന്നതിലേക്ക് അതിനെ ചുരുക്കാം എന്ന് തോന്നുന്നു. ജൈവ ഇന്ധനത്തിലേക്ക് മാറുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ജൈവ ഇന്ധനത്തിനായി വാദിക്കുന്നവര്‍(biofuel apologists) പറയുന്നതുപോലെ ലളിതമല്ല കാര്യങ്ങള്‍ എന്നത് എന്തായാലും ഒരു വസ്തുതയാണ്. പോസ്റ്റിനോടൊപ്പം അധിക വായനക്കായി നല്‍കിയിട്ടുള്ള ലിങ്കുകളും നോക്കുമല്ലോ.

ഓ ടോ. കമ്പ്യൂട്ടറൈസേഷനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞല്ലോ ? ഈ ബ്ലോഗിലും ബൂലോഗത്തെ മറ്റു പല പോസ്റ്റുകളിലും. അതിന്റെ സാരം ഇത്ര മാത്രം..കമ്പ്യൂട്ടര്‍ മനുഷ്യനുവേണ്ടിയാവണം..ഒരു എനേബിളിംഗ് ടൂള്‍..അല്ലാതെ മനുഷ്യന്‍ കമ്പ്യൂട്ടറിനു വേണ്ടി എന്നതാകരുത്.

വായനക്കും അഭിപ്രായത്തിനും നന്ദി..



അതിന് മറുപടി ആയിട്ട് ഞാന്‍ ഇങ്ങനെ ഒരു മറുപടി കൊടുത്തു:

വ്യക്തമായ മറുപടികള്‍ തന്നതിന് നന്ദി. പക്ഷെ ഇടയ്ക്ക് ചില കാര്യങ്ങളോട് ഭാഗികമായും മറ്റ് ചിലതിനോട് പൂര്‍ണ്ണമായും വിയോജിപ്പ് രേഖപ്പെടുത്താതെ വയ്യ.

1.രാസവളങ്ങളും കീടനാശിനികളും ഇല്ലാതെയാണോ ഇന്ന് മുഖ്യമായും കൃഷി നടക്കുന്നത്? വിത്ത്, വളം, കീടനാശിനി എന്നിവ ചേര്‍ന്നത് സഹസ്ര കോടികള്‍ മറിയുന്ന വ്യവസായമല്ലേ? അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പോസ്റ്റില്‍ ഉള്ളത്.


ആയിരിക്കാം. ആണെന്ന് വെച്ച് നമ്മളും അങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് കൊണ്ടിരുന്നാല്‍ ഇവിടെ വിപ്ലവം ഉണ്ടാകുമോ? മാറ്റങ്ങള്‍ക്ക് തുടക്കമിടേണ്ടത് നമ്മളാണ് (അതെ ഞാനും). രാസ-കീടനാശിനികളും, വളങ്ങളുമില്ലാതെ കൃഷി ചെയ്യാം എന്നത് അസാദ്ധ്യമായ കാര്യമല്ല, പിന്നെ എന്ത് കൊണ്ട് അത് നടക്കുന്നില്ല എന്ന കാര്യം കൂടി പഠനവിധേയമാക്കേണ്ടതാണ്.

2.ഉപയോഗിച്ച ഭക്ഷ്യ എണ്ണയല്ലല്ലോ ഇന്നു പ്രധാനമായും ജൈവ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴുള്ള പോക്കനുസരിച്ച് അങ്ങിനെയല്ല നീക്കങ്ങള്‍ നടക്കുന്നതും. മാത്രമല്ല ഉപയോഗിച്ച ഭക്ഷ്യ എണ്ണയൊക്കെ മൊത്തം ജൈവ ഇന്ധനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമേ വരൂ. ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജൈവ ഇന്ധനം വലിയ തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ താങ്കള്‍ സൂചിപ്പിക്കുന്ന “ഉമി”മതിയാവുമെന്ന് തോന്നുന്നില്ല.കൂടുതല്‍ കൂടുതല്‍ ആളുകളെ പട്ടിണിക്കിട്ടുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരില്ലേ? ഇതിനര്‍ത്ഥം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ റീ സൈക്ലിംഗും മറ്റും വേണ്ട എന്നല്ല.

ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. Waste vegetable Oil അല്ലെങ്കില്‍ Waste Frying Oil എന്ന് തിരഞ്ഞാല്‍ ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളെ കുറിച്ച് മനസ്സിലാകും. ഇവ മാത്രമല്ല, ഭക്ഷ്യ-യോഗ്യമല്ലാത്ത മറ്റ് എണ്ണകള്‍ മുമ്പ് പറഞ്ഞ, ഭക്ഷ്യ-ഉപ‍ഉല്‍പ്പന്നമായ റൈസ് ബ്രാന്‍ എണ്ണയ്ക്ക് പുറമെ,കാര്‍ഷികോപ‍ഉല്‍പന്നമായ റബര്‍കുരു എണ്ണ, അങ്ങനെ എന്തെണ്ണയും വാഹന ഇന്ധനമായി ഉപയോഗിക്കാം. ഈ ഗവേഷണ പ്രബന്ധം കൂടി വായിച്ച് നോക്കുക (ഇതിവിടെ പോസ്റ്റി എന്നറിഞ്ഞാല്‍ എന്റെ കട്ടയും പടവും മടങ്ങും, പബ്ലിഷ് ചെയ്ത പ്രബന്ധം ആണെങ്കിലും ഡൌണ്‍ലോഡിങ്ങ് അവകാശങ്ങള്‍ എല്ലാവര്‍ക്കുമില്ല). അവിടെ ഇന്ത്യയിലയൂം ലോകത്തിലേയും സസ്യ എണ്ണ ഉല്‍പാദനത്തിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് (ആ പട്ടിക മുഴുവനല്ല എന്ന് കൂടി ഓര്‍ക്കണേ). ഇനി ഇന്ത്യയുടെ ഡീസല്‍ ഉപഭോഗം എത്ര എന്ന് കണ്ട്‍പിടിക്കുക (ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സൈറ്റില്‍ ഒക്കെ ഞാന്‍ തപ്പി, കിട്ടിയില്ല). എന്നിട്ടൊന്ന് താരതമ്യപ്പെടുത്തി നോക്കൂ....

3. ഇന്ധനങ്ങളുടെ വിലയും സാധാരണക്കാരന്റെ ജീവിതവും വളരെ ബന്ധപ്പെട്ട് കിടക്കുന്നു. എണ്ണ വില കൂടിയാല്‍ വാഹനമുള്ളവന്റെ മാത്രമല്ല, ഇല്ലാത്തവനും കഷ്ടപ്പെടും. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. കയ്യില്‍ പുത്തനുള്ളവന് ഇതൊന്നം വലിയ പ്രശ്നമുണ്ടാകില്ല, എന്നാല്‍ സാധരണക്കാരന്‍ ഇത് വലിയ ഒരു പ്രശ്നം തന്നെയാണ്. ആണവോര്‍ജ്ജം (നേരിട്ടല്ലെങ്കിലും അവ വാഹനമോടിക്കുന്നതിന് ഉപയോഗിക്കാം) ഈ പ്രശ്നത്തിന് ഒരു പരിഹാരം ആണ് എന്ന് എനിക്കഭിപ്രായമില്ല, എന്ന് മാത്രമല്ല അതിന് ഞാനെതിരുമാണ്. ഇവിടെയുള്ള മറ്റൊരു പ്രശ്നം ഇന്ത്യയിലെ ആഭ്യന്തരവിപണിയിലെ കയറ്റിറക്കങ്ങള്‍ ഇറാഖ് യുദ്ധത്തെയും ഇറാന്‍ ഉപരോധത്തെയും പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നിസ്സഹായതയിലാണ്. ഒരു പക്ഷെ ആണവകരാര്‍ പ്രാബല്യത്തിലാവുകയാണെങ്കില്‍ ഓപെക്ക്-ന്റെ സ്ഥാനത്ത് മറ്റ് ആണവ-ഇന്ധന-സപ്ലയര്‍ രാജ്യങ്ങള്‍ വരും. എന്തായാലും ഇന്ത്യ മറ്റൊരു രാജ്യത്തെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനൊരു പരിഹാരമേയുള്ളു, ജൈവ ഇന്ധനങ്ങള്‍! മലിനീകരണം ഇതിനില്ല എന്ന് പറയുന്നില്ല, ഉണ്ട്... പക്ഷെ അതൊക്കെ ഒഴിവാക്കുവാന്‍ കഴിയുന്നതുമാണ്.

4. പെട്രോളിയം ഇന്ധനങ്ങള്‍ക്ക് ഗവണ്‍മെന്റ് സബ്സിഡിയുണ്ട്, വാഹനോപയോഗത്തിനുള്ള സസ്യ എണ്ണകള്‍ക്ക് അതില്ല. അത് കിട്ടുകയാണെങ്കില്‍ വെറും ’ചില്ലിക്കാശിന്’നമുക്കു ഡീസല്‍ കിട്ടും (ഞാന്‍ exaggerate ചെയ്തതല്ല, നേരത്തെ പറഞ്ഞ പേപ്പര്‍ വായിക്കുക, അതില്‍ ലിന്‍സീഡ് എണ്ണയില്‍ നിന്ന് ’ബയോഡീസല്‍’ ഉണ്ടാക്കുവാന്‍ ഏകദേശം 13 രൂപ ആകുമെന്നാണ് കണ്ടത്. എന്നാല്‍ ഈ ലിന്‍സീഡ് എന്ന ബയോഡീസല്‍ ആക്കാതെ നേരിട്ട് ഉപയോഗിക്കുകയാണെങ്കില്‍ [straight vegetable oils], 13 എന്നത് വീണ്ടും കുറയും. അതായത് ഡീസലിനേക്കാള്‍ ചിലവ് കുറച്ച് നമ്മുക്ക് ഇന്ധനം ഉണ്ടാക്കുവാന്‍ കഴിയും. ലിന്‍സീഡ് ഒരുദാഹരണം ആയിട്ടെടുത്തു എന്നേയുള്ളു. ഇതിന്റെ കൂടെ സര്‍ക്കാര്‍ സബ്സിഡി കൂടി കിട്ടുകയാണെങ്കില്‍ വില ഇനിയും കുറയും). മാത്രമല്ല, ഈ സബ്‍സിഡിയുടെ ആനുകൂല്യങ്ങളുടെ ഒരംശമെങ്കിലും കര്‍ഷകന് കിട്ടുകയും ചെയ്യും. ഇന്ധനവില കുറയുന്നതോടെ ആവശ്യസാധനവിലയും കുറയും.

എന്നാല്‍ ഇതൊന്നും പഠിക്കാതെ, മനസ്സിലാക്കാതെ ഒരു അമേരിക്കന്‍ സാഹചര്യത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടത് അവസാനവിധിയായി എടുക്കരുത് എന്ന് മാത്രമേ പറയുവാനുള്ളു.

ഇതിന് വര്‍ക്കേഴ്സ് ഫോറം ഇങ്ങനെ മറുപടി പറഞ്ഞു...

പ്രിയ ഞാന്‍, താങ്കളുടെ വിയോജനക്കുറിപ്പ് ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.


അതിന് മറുപടിയായി ഞാന്‍ ഇങ്ങനെ പറഞ്ഞു...

വളരെ നന്ദി ’വര്‍ക്കേഴ്സ് ഫോറം’. ഒന്ന് രണ്ട് വര്‍ഷം മുമ്പേ ഫിഡല്‍ കാസ്ട്രോ ജൈവ ഇന്ധനങ്ങള്‍ക്ക് എതിരെ ഇറക്കിയ ഒരു പ്രസ്താവന ഞാന്‍ കണ്ടിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ എന്തെ ജൈവ-ഇന്ധനങ്ങള്‍ക്ക് എതിര് എന്ന് ഞാന്‍ അത്ഭുതപ്പെടുകയും ചെയ്തു. ജൈവ-ഇന്ധനങ്ങള്‍ coupled with ജൈവകൃഷി കാര്‍ഷിക ചിലവുകളും മറ്റ് അനുബന്ധ ചിലവുകളും കുറയ്ക്കുകയേ ഉള്ളു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ജൈവ ഇന്ധനം കൊണ്ട് ഗുണമേ ഉണ്ടാകുന്നുള്ളൂ, വിദേശ-ഇന്ധനത്തെ ആശ്രയിക്കുന്നതും കുറയ്ക്കാം....

രണ്ട് ദിവസങ്ങാള്‍ക്ക് ശേഷം "വര്‍ക്കേഴ്സ് ഫോറം" ഇങ്ങനെ പ്രതികരിച്ചു....
"പ്രിയ ഞാന്‍,

ഇന്ന് ഇത്തരത്തിലുള്ള സാങ്കേതികവിദ്യ വ്യാപകമായി പ്രയോഗിക്കപ്പെടുന്നത് അമേരിക്കയിലാണ് എന്നത് കൊണ്ടും ഇന്ത്യയില്‍ അത് പ്രാരംഭദശയിലാണ് എന്നത് കൊണ്ടും വിദേശ ഡാറ്റ മാത്രമേ നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കൂ. ഇന്ത്യയിലോ വിദേശത്തോ എവിടെയാണെങ്കിലും ജൈവ ഇന്ധനത്തിന്റെ കാര്യത്തില്‍ തികച്ചും പോസിറ്റീവ് ആയ എന്ത് തന്നെ ഉണ്ടായാലും അതിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. കമ്പ്യൂട്ടറിന്റെ കാര്യത്തിലെന്നപോലെത്തന്നെ സാങ്കേതിക വിദ്യയെ എതിര്‍ക്കുന്നില്ല. മറിച്ച് അതിന്റെ പ്രയോഗത്തില്‍ തീര്‍ച്ചയായും പാലിക്കപ്പെടേണ്ട ചില സാമൂഹിക നീതികള്‍ ഉണ്ട് .അത് പാലിക്കപ്പെടുന്നുണ്ടോ എന&#